എവിടെയെങ്കിലും ആക്രമണങ്ങൾ, കൊള്ള, കൊടുങ്കാറ്റ്, ഭൂകമ്പം, ഇടി മിന്നൽ, തീപ്പിടുത്തം, വെള്ളപ്പൊക്കം, കല്ലേറ്, പകർച്ചവ്യാധി, അപകടം, മാനസികരോഗം, എന്നിവ കണ്ടാൽ പണ്ടൊക്കെ എല്ലാ നാവുകളിലും സർവ്വ സാധാരണയായി സാർവ്വത്രികമായി കളിയാടിയിരുന്ന ഒരു ചൊല്ലുണ്ട്. അതിന്റെ പുറകിൽ ചാത്തൻ ആയിരിക്കും.
സത്യത്തിൽ ചാത്തൻ ആരാണെന്നും എന്താണെന്നും അറിഞ്ഞു കൂടാ അവരുടെ നാവിൽ നിന്നും നാം നിത്യേന കേട്ടുകൊണ്ടിരിക്കാറുള്ള വാക്കു കളാണിവ.
ഒരു പക്ഷെ ദൈവസങ്കല്പങ്ങളിൽ ഇത്രയും തെറ്റിദ്ധരിക്കപ്പെടുകയോ തെറ്റിദ്ധരിക്കുകയോ ചെയ്തിട്ടുള്ള മറ്റൊരു ദേവതയും ഈ ഭൂമുഖത്തു കാണുമെന്നു തോന്നുന്നില്ല. ആധുനിക ചരിത്രകാരന്മാരും വിദ്യാസമ്പന്നരും ചാത്തനെ സംശയദൃഷ്ടിയോടും ഭയത്തോടും കൂടിയാണ് കാണുന്നത്.
സത്യം, നീതി, ധർമ്മം, ദയ, സ്നേഹം എന്നിവയുടെ പാതകളിൽ നിന്നും അണുവിട ചലിക്കാത്ത സ്വഭാവക്കാരനും ത്രിമൂർത്തി, തിശക്തിമാരുടെ അതിവിശേഷഗുണങ്ങളോടുകൂടിയവനും ഈരേഴ് പതിനാല് ലോകങ്ങളും അടക്കി ഭരിക്കാൻ കഴിവുള്ളവനുമായ സാക്ഷാൽ ചാത്തൻ സ്വാമിയെപ്പോലും (ശ്രീവിഷ്ണുമായ) ഒരു ദുർദേവതയാക്കി ചിത്രീകരിക്കുന്നതിൽ പ്രമുഖ മതങ്ങളുടെ പങ്കും ഒട്ടും കുറവല്ല.