പണ്ടുകാലം മുതൽക്കേ ഗ്രാമീണർ ശകുനത്തിലും നിമിത്തത്തിലും വിശ്വാസമുള്ളവരാണ്. നാളികേരം ഉരുട്ടി ശകുനം നോക്കുന്നവരുണ്ട്. വെറ്റില ശകുനവും പ്രധാനമാണ്. വിവാഹാദി സന്ദർഭങ്ങളിൽ നിമിത്തം നോക്കുന്ന ചടങ്ങ് ചില സമുദായക്കാർക്കിടയിൽ ഇന്നും നിലവിലിരിക്കുന്നു. രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങൾ പകുത്ത് ആ ഏടിൽ കാണുന്ന വരികളിലുള്ള കാര്യം നോക്കി ശുഭാശുഭഫലങ്ങൾ ഗ്രഹിക്കുന്ന പതിവുണ്ട ത്. പുള്ളുവർ യാത്ര പുറപ്പെടുമ്പോൾ പോലും ശകുനം നോക്കിയിരുന്നു. വെണ്ണീറ്, വിറക്, എണ്ണ, എള്ള്, ചൂല്, മുറം, ദർഭ, പോത്ത്, കാള, കയറ്, ഉലക്ക, പരുത്തി, ഉപ്പ്, മോര്, ഇരുമ്പ്, വല, ചെറൂള എന്നിവ യാത്രരംഭത്തിൽ കാണുന്നത് ദുശ്ശകുനമാണ്. അംഗഹീനർ, ജളൻ, സന്യാസി, നപുംസകൻ, ക്ഷൗരം കഴിഞ്ഞുവരുന്നവൻ, വിധവ, രോഗി മുതലായവരെ കാണുന്നതും നന്നല്ല. വീണ, വേണു, മൃദംഗം, ശംഖ്, പടഹം, ഭേരി മുതലായവയുടെ ശബ്ദം മദ്യം, മാംസം, അക്ഷതം, വെളുത്ത വസ്ത്രം, നെയ്യ്, കത്തുന്ന തീ, മംഗല്യ സ്ത്രീ, ഗണിക, പൂർണ്ണകുംഭം, പുഷ്പം, ചന്ദനം, കന്യക, കയറിട്ട കാള, പശു തുടങ്ങിയവ ശുഭശകുനങ്ങളാണ്. ഓന്ത്, പൂച്ച മുതലായവ മുറിയെ കടന്നു പോകുന്നത് ദുർനിമിത്തമത്രെ. പുരികം പിടയ്ക്കുന്നതുനോക്കി ഭാവി ഫലം നിർണ്ണയിക്കാറുണ്ട്. സ്ത്രീകൾക്ക് വലതുവശവും പുരുഷന്മാർക്ക് ഇടതു വശവും പുരികം തുടിക്കുന്നത് നന്നല്ല. ഗൗളി, പക്ഷി തുടങ്ങിയവയുടെ ശബ്ദത്തെ മുൻനിറുത്തി ഫലനിർണ്ണയം ചെയ്യുന്നതും സർവ്വസാധാരണമാണ്.