കള്ളും കോഴിയും തമുക്കും ചാത്തന് പ്രധാനം; വീട്ടിലും പൂജ ചെയ്യാം

അമാവാസി – പൗർണ്ണമി – സംക്രാന്തി ദിവസങ്ങളിൽ വീട്ടിലെ ശുദ്ധമായ സ്ഥലത്ത് പൂജാമുറിയിലോ ശുദ്ധമായ മറ്റേതെങ്കിലും മുറിയിലോ സ്വയം പൂജ ( Chathan seva  )ചെയ്യാം. അതിനാവശ്യമായ സ്ഥാനത്ത് ഒരു പീഠംവെച്ച് പട്ടുവിരിച്ച് ചാത്തൻ, കാളി, മുത്തപ്പൻ, ഗുരുകാരണവന്മാർ ഇവരുടെ ചിത്രമോ പീഠമോ വിഗ്രഹമോ ആയുധമോ വയ്ക്കുക. അതിനുമുമ്പിൽ ഇലവട്ടത്തിൽ കീറി ആറ് ഇല വിരിക്കുക. (വലിയ പപ്പടവട്ടം) അട – 6, പുട്ട് – 6, പപ്പടം – 6, പുഴുക്ക്, അവിൽ, മലർ, ശർക്കര, പഴം, ശർക്കരപായസം, ഇളനീർ എന്നിവയും കുറച്ചുകൂടി വിസ്തരിച്ച പൂജയാണെങ്കിൽ ഇരുനാവൂരി – രണ്ടര നാഴി അരി വറുത്തുപൊടിച്ച് (ഉരലിൽ) മുറത്തിലിട്ട് തെള്ളി ശുദ്ധിയായി കിട്ടുന്ന പൊടിയിൽ ഇളനീർ വെള്ളം, കദളിപ്പഴം, ശർക്കര ഉരുക്കി ഒഴിച്ച് ഉരുളി യിലിട്ട് ചേർത്തുണ്ടാക്കുന്ന തമുക്ക് കൂടിവെയ്ക്കുക.

ചാത്തൻ കളത്തിന് ഇതിന് വളരെ മാഹാത്മ്യമുണ്ട്. വീത്, കലശം, കളം എന്നീ കർമ്മങ്ങൾക്കു ശേഷം ഭക്തജനങ്ങൾക്ക് വിതരണം ചെയ്യേണ്ടതിനാൽ ഭക്തർ കൂടുന്നതിന് ഉദ്ദേശം എണ്ണം അനുസരിച്ച് വീത്, കലശം, കളമെഴുത്തിന് വെയ്ക്കുന്ന പലഹാരങ്ങളുടെയും തമുക്കിന്റെയും അളവ് രണ്ടര നാഴി എന്നുള്ളത് നേരെ ഇരട്ടിച്ച് 5 നാഴി, 10 നാഴി, 20 നാഴി എന്നീ ക്രമത്തിൽ എല്ലാ നേദ്യങ്ങളുടെയും എണ്ണം കൂട്ടാവുന്നതാണ്. കൗളാചാരപ്രകാരത്തിൽ പൂജിക്കുമ്പോൾ കോഴിക്കറി, കോഴിക്കാൽ വറുത്തത്, കരിക്ക് മാറ്റം പീഠം 1, മദ്യം, മത്സ്യം എന്നിവയും ചേർത്ത് താൽക്കാലികം ശ്രീ വിഷ്ണുമായക്ക് പ്രതിഷ്ഠാബന്ധം ചെയ്ത് കലശം കൊണ്ടാടി തൃപ്തിപ്പെടുത്തുക.

ചാത്തന്റെ മൂലമന്ത്രം ചൊല്ലുക. മറ്റു ദേവതമാരെ മനസ്സിൽ സങ്കല്പി ക്കുക. വീത്, കലശം കർമ്മത്തെക്കുറിച്ച് പഴമക്കാർക്ക് നല്ല അറിവുള്ളതുകൊണ്ട് കാരണവന്മാരോട് ചോദിച്ച് സംശയങ്ങൾ തീർക്കുക.